Thursday, April 17, 2025
Kerala

‘കുട്ടി ആരുടെതെന്ന് ചോദിച്ചപ്പോൾ അസ്ഫാകിന്റേതെന്ന് പറഞ്ഞു’; മദ്യപാനത്തിനായി കൂടെ 3 പേരുമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

അസ്ഫാക് ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദ്നിയുമായി ആലുവ മാര്‍ക്കറ്റിലെത്തിയിരുന്നുവെന്ന് ദൃക്സാക്ഷി താജുദ്ദീന്‍. കുഞ്ഞിന്റെ കൈ പിടിച്ച് ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടുവെന്നാണ് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ പറഞ്ഞത്. മൂന്ന് മണിക്ക് ശേഷം ഇതൊരു ഓപ്പൺ ബാറാണ്. ആലുവ മാർക്കറ്റിന്റെ പിറക് വശത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സിസിടിവി ഉൾപ്പെടെ പലതും വർക്ക് ചെയ്യുന്നില്ലെന്നും താജുദ്ദീൻ പറയുന്നു.

സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കു പിറകെ രണ്ടു മൂന്നുപേർ‍ കൂടി മാർക്കറ്റിലേക്ക് പോയി. മദ്യപിക്കുന്നതിനായാണ് മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക്ക് പറഞ്ഞുവെന്നും താജുദ്ദീൻ വ്യക്തമാക്കി. കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതിന് പിറകെയാണ് താജുദ്ദീൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. പിന്നീട് പൊലീസെത്തി പരിശോധിച്ചു.

സിസിടിവിയിൽ കുട്ടിയുടെ കൈ പിടിച്ച് പോവുന്ന അസ്ഫാക് ആലത്തെ കണ്ടെങ്കിലും തിരിച്ച് കുട്ടിയെക്കൊണ്ട് പോവുന്നത് കണ്ടിരുന്നില്ല. വീണ്ടും സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് മാർക്കറ്റിൽ പരിശോധന വീണ്ടും നടത്തിയത്. പരിശോധനയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *