സാമ്പത്തിക തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ വച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയതെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. ബാങ്ക് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതി ചേർത്തത്.
സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൻസൺ പണം കൈമാറിയിരുന്നു. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസിൽ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തു വിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഐജി ലക്ഷ്മണിനെതിരേയുള്ളത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കേസിലെ രണ്ടാം പ്രതി.