Thursday, April 17, 2025
Kerala

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ലജ്ജാകരം’; മണിപ്പൂരിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ

മണിപ്പൂരിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണെന്നും എന്നാൽ ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അന്വേഷണ ഏജൻസികൾ ശരിയായ ജോലി ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം കാണുകയുള്ളൂ. ശരിയായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ പറഞ്ഞു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് തുടർച്ചയായ ഏഴാം ദിവസവും പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് ലോക്‌സഭ നിമിഷങ്ങൾ മാത്രമാണ് സമ്മേളിച്ചത്. മണിപ്പുർ വിഷയത്തിൽ ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാത്തതിൽ രാജ്യസഭ അധ്യക്ഷൻ ജഗ് ദീപ് ദങ്കറും, തൃണമൂൽ എം പി ഡെറിക് ഒബ്രെയ്‌നും തമ്മിൽ ഏറ്റുമുട്ടി.

കുകി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ് സിബിഐക്ക് വിട്ടതായി കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാഗ്മൂലം നൽകി. വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്നും, അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം തള്ളിയ പ്രതിപക്ഷം, സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് കേസുകൾ കേൾക്കാത്തിനാൽ മണിപ്പൂർ അക്രമം സംബന്ധിച്ച ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *