വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; സിപിഎം
ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടൻ പുറത്താക്കണമെന്ന് കമ്മിറ്റിയംഗങ്ങൾ. സിപിഎം ആലപ്പുഴ സൗത്ത് ഏരിയയിലെ കമ്മിറ്റി അംഗങ്ങളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വേഗത്തിൽ വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുത്ത അടിയന്തര യോഗം ഇന്നലെ വൈകിട്ടാണ് ചേർന്നത്.
വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ ദൃശ്യങ്ങളാണ് പ്രവർത്തകർ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽനിന്നു കണ്ടെത്തിയത്. സമാനമായ പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ടെങ്കിലും നേതൃത്വത്തിൽ ചിലർ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ജില്ലാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ സ്ത്രീകളിൽ ഒരാൾ രണ്ടാഴ്ച മുൻപ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.