ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം
സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം ചേർന്ന് ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനിച്ചത്
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലായാൽ 14 ജില്ലകളിൽ 12 എണ്ണവും ലോക്ക് ഡൗണിലേക്ക് പോകും. കൊല്ലം, പത്തനംതിട്ട ജില്ലകൾ മാത്രമാകും നിയന്ത്രണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരിക. ലോക്ക് ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം ചേർന്നെടുത്ത തീരുമാനമാണ്. ഇതിൽ നിന്ന് മാറി ചിന്തിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്
18 വയസ്സിന് മുകളിലുള്ളവർക്ക് മെയ് ഒന്നാം തീയതി മുതൽ വാക്‌സിനേഷൻ ആരംഭിക്കുന്നതിനാൽ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങാനും സർക്കാർ തീരുമാനിച്ചു. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുക