Tuesday, January 7, 2025
Kerala

കുട്ടനാട് സിപിഐഎമ്മിലെ പ്രതിസന്ധി: 10 ലോക്കല്‍ കമ്മിറ്റികള്‍ യോഗം ചേരും

കുട്ടനാട്ടിലെ സിപിഐഎം പ്രതിസന്ധി പരിഹരിക്കാന്‍ നാളെ അനുരഞ്ജന ചര്‍ച്ച നടക്കും. ഇതിന് മുന്നോടിയായി കുട്ടനാട്ടിലെ പത്ത് ലോക്കല്‍ കമ്മിറ്റികളും ഇന്ന് രാവിലെ യോഗം ചേരും. വിഭാഗീയത തുടങ്ങിയ രാമങ്കരിയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ യോഗത്തില്‍ പങ്കെടുക്കും. പത്ത് മണിക്കാണ് യോഗം ആരംഭിക്കുക.

സിപിഐഎം ഏരിയ കമ്മിറ്റി നേതൃത്വത്തിനോടുള്ള വിയോജിപ്പ് കുട്ടനാട്ടിലെ ആറ് ലോക്കല്‍ കമ്മിറ്റികള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കില്ല എന്ന് വ്യക്തമാക്കി നേതൃത്വത്തിന് ലോക്കല്‍ കമ്മിറ്റികള്‍ കത്ത് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടുകയും വിട്ടുപോകുന്നവര്‍ പോകട്ടെ എന്ന് ജില്ലാ നേതൃത്വം ആദ്യഘട്ടത്തില്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു.

ജില്ലാ നേതൃത്വം നിലപാട് പറഞ്ഞതിന് പിന്നാലെ 280-ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് അറിയിച്ചത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ അനുരഞ്ജനനീക്കത്തിന് കളമൊരുങ്ങിയത്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നാളെയും അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നത്. കുട്ടനാട്ടില്‍ നിന്നും ഒരാള്‍ പോലും പാര്‍ട്ടി വിട്ട് പോകരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ലോക്കല്‍ കമ്മിറ്റികളുടെ യോഗം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *