Sunday, March 9, 2025
Kerala

ഓണക്കിറ്റ് വിതരണത്തിൽ ഇന്നും പ്രതിസന്ധി; മലബാറിൽ പലയിടങ്ങളിലും റേഷൻ കടകളിൽ ഓണ കിറ്റുകൾ എത്തിയില്ല

ഓണക്കിറ്റ് വിതരണത്തിൽ ഇന്നും പ്രതിസന്ധി. മലബാറിൽ പലയിടങ്ങളിലും റേഷൻ കടകളിലേക്കുള്ള ഓണ കിറ്റുകൾ എത്തിയില്ല. ഇന്നലെ വൈകിട്ടോടെ കിറ്റുകൾ പൂർണമായും എത്തിക്കും എന്നായിരുന്നു റേഷൻ വ്യാപാരികൾക്ക് ലഭിച്ച വിവരം. ഇന്ന് കിറ്റുകൾ എത്തിക്കുമെന്ന് ഒടുവിൽ വിവരം ലഭിച്ചതായി വ്യാപാരികൾ അറിയിച്ചു. ചിലയിടങ്ങളിൽ ഇ പോസ് മെഷീനുകൾ തകരാറിലായതും ഓണക്കിറ്റ് വിതരണത്തിൽ പ്രതിസന്ധിയാകുന്നു.

അതേസമയം ഓണകിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ലക്ഷ്യം. മിൽമയിൽ നിന്ന് ലഭിച്ച സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തി റേഷൻ കടകളിൽ ഉടൻ എത്തിക്കും. പായസം മിക്സിന് ക്ഷാമം ഉണ്ടെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ബ്രാൻഡുകൾ വാങ്ങാനാണ് തീരുമാനം.

സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ ഉറപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദേശമുണ്ട്.

ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *