കെഎസ്ആർടിസി ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കും
കെഎസ്ആർടിസി സർവീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാൻ തീരുമാനം. കോർപ്പറേഷന് നഷ്ടം ഉണ്ടാക്കിയ ജീവനക്കാരിൽ നിന്നും തുക തിരിച്ചു പിടിക്കാൻ സിഎംഡി ഉത്തരവിറക്കി. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.
ജൂൺ 26 ന് സർവീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ 8 കണ്ടക്ടർമാരിൽ നിന്നും, വികാസ് ഭവനിലെ സർവീസ് മുടക്കിയ കാരണം ഉണ്ടായ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാരും, 12 കണ്ടക്ടർമാരിൽ നിന്നും, സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി ഉണ്ടായ നഷ്ടമായ 2,74,050 രൂപ, പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി നഷ്ടമായ 3,30,075 രൂപ തിരിച്ചു പിടിക്കാനുമാണ് ഉത്തരവായത്.
ഇത് കൂടാതെ 2021 ജൂലൈ 12 ന് Spread over ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരിൽ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.