Sunday, April 13, 2025
Kerala

പനാമ കള്ളപ്പണ നിക്ഷേപം; ജോര്‍ജ് മാത്യുവിനെയും മകനെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി

പനാമ കള്ളപ്പണക്കേസില്‍ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിനും മകന്‍ അഭിഷേക് മാത്യുവിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കുന്നത്. പനാമ രേഖകളില്‍ പറയുന്ന സ്ഥാപനം ഇടപാടുകള്‍ നടത്തിയത് ജോര്‍ജ് മാത്യുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്ന് ഇ ഡി കണ്ടെത്തി.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജോര്‍ജ് മാത്യുവിനും മകനും ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് മാത്യു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി ഇഡി, അഭിഷേക് മാത്യുവിനെ വിളിച്ച് വരുത്തി കൊച്ചിയിലെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

സിനിമ മേഖലയില്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖരുടെ കള്ളപ്പണനിക്ഷേപങ്ങള്‍ക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊന്‍സെക. ഈ സ്ഥാപനത്തിന്റെ വിദേശ ഇടപാടുകള്‍ മാത്യു ജോര്‍ജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ ജോര്‍ജ് മാത്യുവും കുടുംബവും കഴിഞ്ഞ ദിവസം നാട്ടിലെത്തി. തിരികെ മടങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്
എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ജോര്‍ജ് മാത്യു ഒഴിവായതിന് പിന്നാലെയാണ് അഭിഷേക് മാത്യുവിനെ ഇ.ഡി. ചോദ്യം ചെയ്തത്. 2022 ഏപ്രിലില്‍ ജോര്‍ജ് മാത്യുവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ചില സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ജോര്‍ജിന്റെ മാത്യൂവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം വഴി മൊസാക്ക് ഫൊന്‍സെക്കയുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *