‘നിയമസഭ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല’; നിയമവിരുദ്ധമായി ആര് ചെയ്താലും നടപടി ഉണ്ടാകുമെന്ന് സ്പീക്കർ
തിരുവനന്തപുരം:നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്. സഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല. നിയമവിരുദ്ധമായി ആര് ചെയ്താലും ഇതിനെതിരെ നടപടി ഉണ്ടാവും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണ്. മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സംഘര്‍ഷത്തിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഓഫിസിന് മുന്നിൽ നിന്ന് സംഘര്‍ഷത്തിന്‍റെ ദൃശ്യം മൊബൈലിൽ പകര്‍ത്തിയതിനാണ് നടപടി. അകത്ത് അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകര്‍ത്തിയത് ചട്ട വിരുദ്ധമാണെന്നും കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമസഭ ചട്ടപ്രകാരം അച്ചടക്ക നടപടി എടുക്കുമെന്നും വ്യക്തമാക്കിയാണ് മെമ്മോ. പ്രതിപക്ഷ എംഎൽഎമാരായ എം വിൻസന്റ് , ടി സിദ്ദിഖ്, കെകെ രമ, എപി അനിൽകുമാര്, പികെ ബഷീര്‍, ആബിദ് ഹുസൈൻ തങ്ങൾ, എന്നീ എംഎൽഎമാരുടെ പിഎ മാര്‍ക്കാണ് മെമ്മോ കിട്ടിയത്.
നിയമസഭയിൽ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നിരുന്നു.മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്‍റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്‍റേയും നയം.ദൃശ്യങ്ങൾ പകർത്തിയ മന്ത്രിമാരുടേയും ഭരണപക്ഷ എം.എൽ.എമാരുടേയും സ്റ്റാഫംഗങ്ങൾക്ക് നോട്ടീസ് നൽകാത്തത് ഭയം കൊണ്ടാണോയെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചിരുന്നു.