സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി അഞ്ച് മരണം
സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി അഞ്ച് മരണം. തൃശൂര്‍ നാട്ടിക, വലപ്പാട്, കണ്ണൂര്‍ കാട്ടാമ്പള്ളി എന്നിവിടങ്ങളിലാണ് അപകടം. മരിച്ചവരില്‍ അഞ്ച് വയസുകാരിയും ഉള്‍പ്പെടുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ നാട്ടിക,വലപ്പാട് എന്നിവടങ്ങളില്‍ വ്യത്യസ്ത വാഹനാപകടങ്ങളുണ്ടായത്. നാട്ടികയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനെടായായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനസ് , മുഹമ്മദ് ബിലാല്‍ , ഷിയാന്‍, ജുനൈദ് എന്നിവര്‍ ചികിത്സയിലാണ്. വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്കില്‍ നിന്ന് വീണാണ് യുവാവിന്റെ മരണം. കുന്നംകുളം പഴഞ്ഞി മേലയില്‍ വീട്ടില്‍ സ്വദേശി ജുബിന്‍ (23) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കില്‍ വരവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് ടൈല്‍സ് ജോലിക്കെത്തിയതായിരുന്നു. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ സ്‌കൂട്ടര്‍ വൈദ്യുത തൂണില്‍ ഇടിച്ച് അഞ്ചുവയസ്സുകാരി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഇടയില്‍പീടിക സ്വദേശികളായ ചിറമൂട്ടില്‍ അജീര്‍, അജീറിന്റെ ബന്ധുവിന്റെ മകള്‍ റാഫിയ എന്നിവരാണ് മരിച്ചത്.