സ്വകാര്യ ബസുകളിലെ കാമറ സ്ഥാപിക്കല്‍; സമയപരിധി നീട്ടി
സ്വകാര്യ ബസുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കാമറ ഘടിപ്പിക്കാന്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്.
സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ബസിനുള്ളില്‍ കാമറ ഘടിപ്പിക്കണമെന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ക്യാമറയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.