Wednesday, January 8, 2025
Kerala

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി നഗ്നതാപ്രദര്‍ശനവും അശ്ലീലപ്രയോഗവും; പലയിടത്തും പരാതി

കോട്ടയ്ക്കൽ: ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തിയും അശ്ലീലവീഡിയോകളിട്ടും സമൂഹവിരുദ്ധർ. സൂം കോൺഫറൻസ്, ഗൂഗിൾമീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻക്ലാസുകൾക്കായി സ്കൂളുകൾ തയ്യാറാക്കിയ ഐ.ഡി. ചോർത്തിയാണ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറ്റം.

സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും അയക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കുറ്റിപ്പുറത്തെ ഒരു സി.ബി.എസ്.ഇ. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പോലീസിൽ പരാതിനൽകി. യു.പി. വിഭാഗം വിദ്യാർഥികൾക്ക് ഓഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ നുഴഞ്ഞുകയറി അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21-ന് ഇയാൾ സ്വയം നഗ്നതാപ്രദർശനവും നടത്തി. ഇത് കുട്ടികളെ മാനസികസംഘർഷങ്ങളിലേക്ക് നയിച്ചെന്നും പ്രശ്നത്തിന് പരിഹാരംകാണാതെ ക്ലാസുകൾ തുടർന്നുകൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രഥമാധ്യാപിക കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ചൈൽഡ് ലൈനിലും നൽകിയ പരാതിയിൽ പറയുന്നു.

ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠനംനടത്തുന്ന ഇക്കാലത്ത് വിഷയം ഗൗരവമായി കാണണമെന്നും ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

വേങ്ങരയിൽ സാഹിത്യോത്സവത്തിന് ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിലും ഇത്തരത്തിൽ അശ്ലീലചിത്രങ്ങളും വീഡിയോകളും അയച്ചിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീലസന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പലരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *