Thursday, April 10, 2025
Kerala

ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴി വാതകം വെടിയുണ്ട കണക്കെ ചീറ്റി; ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും

തൃശൂർ തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴിയാണ് വാതകം വെടിയുണ്ട കണക്കേ ചീറ്റിയത്. മൂന്നര വർഷം മുമ്പ് പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ ഇതേ കടയിൽ നിന്ന് ഒന്നരവർഷം മുമ്പ് ബാറ്ററി മാറ്റിയിരുന്നു.

ഇന്നലെയാണ് തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെയും സൌമ്യയുടെയും മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ചത്.

അപകടം സംഭവിക്കുമ്പോൾ കുട്ടി മൊബൈൽഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഫോൺപൊട്ടിത്തെറിച്ചു. കൊറിയർ സ്ഥാപനം നടത്തുന്ന മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അശോക് കുമാറിൻറെ അമ്മമാത്രമായിരുന്നു വീട്ടിൽ. ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ കുട്ടിയുടെ മുഖം ചിതറി. കൈവിരലുകൾ അറ്റ നിലയിലാണ്. മൃതദേഹം തൃശൂർ മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആദിത്യശ്രീയുടെ പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മാതാവ് സൌമ്യ തിരുവില്വാമാല സർവീസ് സഹകരണബാങ്ക് ഡയറക്ടറുമാണ്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

Leave a Reply

Your email address will not be published. Required fields are marked *