ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ, പ്രവർത്തനം കുറ്റമറ്റതാക്കുമെന്നും തൊഴിൽ മന്ത്രി
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ വേഗത്തിലാക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കാൻ സംയോജനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷേമനിധി ബോർഡുകളുടെ ഏകദിന ശിൽപശാലയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരുടെ കയറിക്കൂടൽ മുതലായ ക്രമക്കേടുകൾ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തിൽ അനുവദിക്കില്ല. ഇതിനായി കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി.
ക്ഷേമനിധി ആക്ടിലും റൂളിലും വ്യവസ്ഥ ചെയ്തിരിക്കുന്നതിലും അധികമായുള്ള ചെലവ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വിവിധ നിയന്ത്രണ നടപടികൾ സ്വീകരിക്കും. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ബോർഡുകളുടെ പ്രവർത്തനമോ ആനുകൂല്യ വിതരണമോ കാണാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.