താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം
താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു.
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഓഗസ്റ്റ് രണ്ടിന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകം സംബന്ധിച്ച വകുപ്പുകൾ കൂട്ടിച്ചേർത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ലെന്ന് ഹാരിസ് ജിഫ്രിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചു. താമിർ ജിഫ്രിയെ മർദിച്ച് കൊലപ്പെടുത്തിയ പൊലീസുകാരെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ താൽപ്പര്യപ്രകാരം ക്രൈം ബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും കേസിലെ സുപ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും അഭിഭാഷകർ വാദിച്ചു. താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ എടുക്കാത്തത് ദുരൂഹമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
Read Also: താനൂർ കസ്റ്റഡി മരണം; മൊഴി മാറ്റാൻ ആവശ്യപ്പെട്ട് മൻസൂറിനെ പൊലീസ് മർദ്ദിച്ചെന്ന് പിതാവ്
താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മൊഴി നൽകിയ മൻസൂറിൻ്റെ പിതാവ് അബൂബക്കർ രംഗത്തുവന്നത് പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. താമിർ ജിഫ്രിക്കൊപ്പം പിടിയിലായ മൻസൂറിനെ കോഴിക്കോട് ജില്ലാ ജയിലിൽ വച്ച് 20 ഓളം പൊലീസുകാർ ക്രൂരമായി മർദിച്ചു എന്ന് അബൂബക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. താമിർ ജിഫ്രിയെ ഡാൻസാഫ് സംഘം മർദ്ദിച്ചെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയതിനായിരുന്നു മർദ്ദനം. മൊഴി മാറ്റാൻ പൊലീസ് സമ്മർദ്ദം ചെലുത്തി. മാപ്പ് എഴുതി നൽകാൻ ആവശ്യപ്പെട്ടു. മൻസൂറിനെ ലഹരിക്കേസിൽ കുടുക്കിയതാണെന്നും പിതാവ് പ്രതികരിച്ചു.
തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്നും താമിർ ജിഫ്രി അടക്കമുള്ള 12 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശേഷം താനൂരിലെ ഡാൻസാഫ് താമസിക്കുന്ന മുറിയിലെത്തിച്ചു. പിന്നീട് ക്രൂമായി മർദിച്ചു. മർദ്ദനത്തിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിലേക്ക് വന്നിരുന്നു. മർദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു.