Thursday, April 17, 2025
Kerala

സംസ്ഥാനം അതിഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം

സംസ്ഥാനം അതിഗുരുതരമായ വൈദ്യുതി പ്രതിസന്ധിയില്‍. പ്രതിസന്ധിയും സ്മാർട്ട് മീറ്റർ പദ്ധതിയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. കരാർ നീട്ടിയിട്ടും കരാർ വിലയ്ക്ക് വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായിട്ടില്ല. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ചര്‍ച്ചാവിഷയമാകും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യും. റെഗുലേറ്ററി കമ്മിഷന്‍ കരാര്‍ നീട്ടാന്‍ അനുമതി നല്‍കിയെങ്കിലും കരാറിലെ വിലയ്ക്ക് കമ്പനികള്‍ വൈദ്യുതി നല്‍കുന്നില്ല. രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി കാരണം കുറഞ്ഞവിലയ്ക്ക് വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചു.

ഷോര്‍ട്ടേജ് കാരണം വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ ദിവസം 500 മെഗാവാട്ടിലധികം വൈദ്യുതി യൂണിറ്റിന് 10 രൂപ നല്‍കി വാങ്ങി. ഇതിലൂടെ ഇതുവരെയുണ്ടായ നഷ്ടം 240 കോടിയാണ്. ഇതോടൊപ്പം കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിതമായ കുറവുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉപയോഗം കുറച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ടോട്ടക്സ് മാതൃകയില്‍ നടപ്പാക്കുന്നതിനെതിരെ ബോര്‍ഡിലെ സംഘടനകളും സി.പി.ഐ.എം കേന്ദ്ര നേതൃത്വവും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ടോട്ടക്സ് മാതൃകയോട് മുഖ്യമന്ത്രിക്കും താല്‍പര്യമില്ല. ബദല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നതില്‍ യോഗം തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *