സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; ഒന്ന് ആലുവയിലും മറ്റൊന്ന് വയനാടും
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ആലുവ നാലാം മൈലിലും വയനാട് ബത്തേരിയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ആലുവ നാലാം മൈൽ സ്വദേശി ചെല്ലപ്പൻ(72), തലശ്ശേരി സ്വദേശി ലൈല(62) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ മരണം സംഭവിച്ചു. തുടർന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല
ബംഗളൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച ലൈലയെ ഐസിയു ആംബുലൻസിൽ നാട്ടിലേക്ക് എത്തിക്കുന്നതിനിടെ ബത്തേരിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.