Thursday, January 9, 2025
Kerala

രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ സഹായിച്ചു; മരണസംഖ്യ കുറയാൻ സമയമെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാൻ ലോക്ക്ഡൗൺ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു.

ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഒൻപത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കുറവുണ്ടായി. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് രോഗ വ്യാപ്തി വർധിപ്പിക്കും. മതിയായ ക്വാറന്റെയ്ൻ സൗകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റുന്നതാണ്. രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിയുന്നവർ ഇതുപോലെയുള്ള വീടുകളിൽ കഴിയുമ്പോൾ രോഗബാധിതരാണെങ്കിൽ മറ്റുള്ളവർക്ക് രോഗം പകരും. അത്തരം ആളുകളെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്എൽടിസികളും ഒരുക്കും. സ്റ്റബിലൈസേഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കും. 15 മെഡിക്കൽ ബ്ലോക്കുകളിലും കൺട്രോൾ റൂമുകൾ തുടങ്ങി. ക്വാറന്റെയ്‌നിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. ഇത്തരക്കാരെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിക്കുന്നവരിൽ ടെസ്റ്റ് നടത്തി പോസിറ്റീവായാൽ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *