ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു; വി.മുരളീധരന്‍
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സർക്കാരിന്‍റെ നിലപാടെന്ന് വി.മുരളീധരൻ. ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു. ഇടത് സംഘടനകൾ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു. കോൺഗ്രസിൽ അനിൽ ആന്‍റണിക്കെങ്കിലും ബോധമുണ്ടായല്ലോ ,ഞങ്ങൾ നേരത്തേ പറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ തരൂരിന്‍റെ നിലപാട്. എന്നാൽ ഡോക്യുമെന്‍ററി പൂർണമായി നിരോധിക്കുമോ എന്നതിനോട് വി മുരളീധരൻ പ്രതികരിച്ചില്ല.വേണ്ട സമയത്ത് വിദേശകാര്യ മന്ത്രാലയം വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും ഡോക്യുമെന്ററിയായി അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.ഗുജറാത്തിൽ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാൻ കഴിയുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരോടുള്ള പൊലീസ് സമീപനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സുപ്രീംകോടതിയുടെ അന്തസും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിച്ചത്.വിദേശമാധ്യമത്തിൻ്റെ വ്യാജപ്രചാരവേലയ്ക്ക് കേരളപൊലീസിൻ്റെ കാവൽ ഏർപ്പെടുത്തിയതിൽ പിണറായി വിജയൻ ലജ്ജിക്കണം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പഴയ കോളനിവാഴ്ചക്കാരുടെ കുടിലതയുടെ വക്താക്കളായി സിപിഐഎമ്മും കോൺഗ്രസും മാറി.ഇന്ത്യ മറന്നു തുടങ്ങിയ മുറിവുകൾ കുത്തിയുണർത്തുന്നത് എന്തിനു വേണ്ടിയെന്ന് പ്രബുദ്ധ കേരളം ചിന്തിക്കണം. ലോകത്തിൻ്റെ നെറുകയിലെത്താനുള്ള ഇന്ത്യൻ കുതിപ്പിനെ തടസപ്പെടുത്താനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.