ലുലു മാളിൽ അണിനിരന്ന് 165 ക്രിസ്തുമസ് പാപ്പമാർ, ഇന്ത്യ, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് സംഘനൃത്തം
തിരുവനന്തപുരം : തലസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷങ്ങളുടെ വരവറിയിച്ച ലുലുവിലെ ക്രിസ്തുമസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ ക്രിസ്തുമസ് പാപ്പമാര്‍ നടത്തിയ സംഘനൃത്തമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. കുട്ടികളും മുതിര്‍ന്നവരും സാന്‍റാ വേഷമണിഞ്ഞ് ആദ്യം അഞ്ച് പേരായും, പിന്നീട് പത്ത് പേരായും തുടങ്ങിയ നൃത്തം അവസാനഘട്ടമായപ്പോള്‍ 163 പേരടങ്ങിയ സംഘനൃത്തമായി മാറി.
ക്രിസ്തുമസ് ഗാനങ്ങള്‍ക്കടക്കമാണ് ഇവര്‍ ഒരുമിച്ച് ചുവടുവെച്ചത്. ആകെ അരമണിക്കൂറോളം ഇത് നീണ്ടുനിന്നു. ഇത് പരിശോധിയ്ക്കാന്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അഡ്ജുഡിക്കേറ്റര്‍ ഡോ.ഷാഹുല്‍ ഹമീദ്, വേള്‍ഡ് റെക്കോര്‍ഡ് ക്യൂറേറ്റര്‍ പ്രജീഷ് നിര്‍ഭയ എന്നിവര്‍ മാളിലെത്തിയിരുന്നു. സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, റെക്കോർഡിനായി നിഷ്കർഷിച്ചിരുന്ന 150 പേരടങ്ങിയ ക്രിസ്തുമസ് പാപ്പാമാരുടെ സംഘനൃത്തമെന്ന നേട്ടം ലുലു മാള്‍ മറികടന്നതായി അഡ്ജുഡിക്കേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നിഷ്കർഷിച്ചിരുന്ന 110 പേരുടെ നൃത്തമെന്ന നേട്ടവും മറികടന്നതായി അദ്ദേഹം പറഞ്ഞു. എട്രിയത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെയും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെയും സര്‍ട്ടിഫിക്കറ്റ് അഡ്ജുഡിക്കേറ്റര്‍ ഡോ.ഷാഹുല്‍ ഹമീദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന് സമ്മാനിച്ചു. ഒന്നാം വാർഷികമാഘോഷിയ്ക്കുന്ന ലുലു മാളിന് ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ റെക്കോർഡ് നേട്ടമാണിത്. നേരത്തെ ഏറ്റവും വലിയ പൂക്കള മത്സരത്തിനുള്ള ഗിന്നസ് റെക്കോർഡും മാളിനെ തേടിയെത്തിയിരുന്നു.