മൊഫിയയുടെ ആത്മഹത്യ: സി ഐ സുധീറിനെ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി
മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ സിഐക്കെതിരെ നടപടി. സി ഐ സുധീറിനെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യുഡിഎഫ്. സ്റ്റേഷന് മുന്നിൽ പലതവണ സംഘർഷമുണ്ടായി. ജനപ്രതിനിധികൾ അടക്കമുള്ളവർ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയാണ്. പോലീസുമായി പിടിവലിയും നടന്നു. സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം തടയാനും സമരക്കാർ ശ്രമിച്ചു.