Wednesday, January 8, 2025
Kerala

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനത്തിന് ഇന്ന് 14 വയസ്സ്

2007 സെപ്റ്റംബര്‍ 24. ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനം വീണിട്ട് ഇന്നേക്ക് 14 വര്‍ഷം തികയുന്നു. അത്ര മേല്‍ പരിചയസമ്പന്നരല്ലാത്ത ഒരു യുവനിരയുമായി കളിക്കാനെത്തി ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരികമായിത്തന്നെയാണ് ഇന്ത്യ പ്രഥമ ടി-20 ലോക കിരീടത്തില്‍ മുത്തമിട്ടത്. മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു അത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജ് സിങ്ങിന്‍റെ വെടിക്കെട്ട് പ്രകടനം. സെമി ഫൈനില്‍ ഓസ്ട്രേലിയയെ തകര്‍ത്ത്  ഫൈനല്‍ പ്രവേശം. ഫൈനലില്‍ ചിരവൈരികളായ പാക്കിസ്താനെ തകര്‍ത്ത് കിരീടനേട്ടം. അങ്ങനെയങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത നിരവധി ഐതിഹാസികമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചൊരു ലോകകപ്പായത് മാറി.

ജൊഹാനസ്ബര്‍ഗില്‍ വച്ചാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലെ ഫൈനല്‍ മത്സരം അരങ്ങേറിയത്. കളിയില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യആറ് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍ യൂസുഫ് പത്താനെയും മൂന്നാമനായിറങ്ങിയ റോബിന്‍ ഉത്തപ്പയെയും നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ രോഹിത് ശര്‍മയും ഓപ്പണര്‍ ഗൌതം ഗംഭീറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്  ഇന്ത്യയെ 157 എന്ന ബേധപ്പെട്ട സ്കോറിലെത്തിച്ചത്. ഗംഭീര്‍ 54 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ 15 പന്തില്‍ 30 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ തുടരെ തുടരെ പാക് വിക്കറ്റുകള്‍ വീഴ്ത്തി ഇര്‍ഫാന്‍ പത്താനും ആര്‍.പി സിങും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പാക്ക് ബാറ്റ്സ്മാന്‍   മിസ്‌ബാഹുല്‍ ഹഖ് 43 റണ്‍സുമായി ഭീഷണിയുയര്‍ത്തിയെങ്കിലും അവസാന ഓവറിലെ മൂന്നാം പന്തില്‍ മിസ്ബയെ ശ്രീശാന്തിന്‍റെ കൈകളിലെത്തിച്ച് ജോഗീന്ദര്‍ ശര്‍മ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാക്കിസ്ഥാന് 19.3 ഓവറില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പത്താന്‍ 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആര്‍പി സിംഗ് 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഇന്ത്യയുടെ ഇര്‍ഫാന്‍ പത്താന്‍ കളിയിലെ താരമായും പാകിസ്താന്‍റെ ഷാഹിദ് അഫ്രീദി പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *