കണ്ണൂർ കൊളച്ചേരി പറമ്പിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കണ്ണൂർ കൊളച്ചേരി പറമ്പിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊളച്ചേരിപ്പറമ്പിലെ ദിനേശന്റെ വീട്ടിൽ വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായി. ഒടുവിൽ വീട്ടിലുണ്ടായിരുന്ന വിറക് കൊള്ളി ഉപയോഗിച്ച് ദിനേശൻ സജീവന്റെ ശരീരമാസകലം അടിച്ചു. തലക്കേറ്റ ശക്തമായ അടിയാണ് മരണ കാരണമെന്നാണ് നിഗമനം. ദിനേശനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മദ്യ ലഹരിയിൽ ചെയ്തതാണെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രെയിഡ് എസ് ഐ ആയ ദിനേശൻ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെ കാലമായി അവധിയിലാണ്.