സംസ്ഥാനത്ത് 885 പേര്‍ക്കു കൂടി കോവിഡ്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗബാധിതരായവരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണ്. 968 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ച 885 പേരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ ഉറവിടമറിയാത്ത 56 പേരുമുണ്ട്
രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 68 പേർക്കും 24 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മുരുകൻ(46), കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസ(48), കാസർകോട് ചിത്താരി സ്വദേശി മാധവൻ(68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 167, കൊല്ലം 133, കാസർകോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂർ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂർ 18, വയനാട് 15
രോഗമുക്തി നേടിയ 968 പേരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശ്ശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108, കാസർകോട് 68
സംസ്ഥാനത്ത് ഇതുവരെ 16,995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9371 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 25,160 സാമ്പിളുകൾ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 9290 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1346 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.