ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാഷ്ട്രീയമായി ഏറ്റെടുക്കാൻ പ്രതിപക്ഷം
പരാതി പറയാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇടുപക്ഷ അനുഭാവികളടക്കം ജോസഫൈനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സിപിഐ യുവജന സംഘടനയായ എഐഎസ്എഫും ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും ജോസഫൈനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം വിഷയത്തിൽ സിപിഎമ്മോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വനിതാ കമ്മീഷൻ അധ്യക്ഷക്ക് തെറ്റുപറ്റിയെങ്കിൽ അത് തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് പി കെ ശ്രീമത പ്രതികരിച്ചു
നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ജോസഫൈനെതിരെ നടപടിക്കും സാധ്യത കൂടുതലാണ്. വിഷയം രാഷ്ട്രീയമായി തന്നെ പ്രതിപക്ഷം ഏറ്റെടുക്കും. ജോസഫൈൻ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചു.
ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.