തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു, യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ചതെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊളളലേറ്റ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശിവനാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കവേയാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക നിഗമനം.
തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചെന്നാണ് സൂചന. തീകത്തിച്ച് തലമുടി വെട്ടുന്ന യൂട്യൂബ് വീഡിയോ കുട്ടി കാണാറുണ്ടായിരുന്നുവെന്ന്ബന്ധുക്കൾ പറഞ്ഞു. വീഡിയോ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല, അമ്മൂമ്മയാണ് കുട്ടിയെ തീപൊള്ളലേറ്റ നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്.