ഞങ്ങൾ പ്രതികരിക്കും ഗയ്‌സ്: വാഹനങ്ങളിൽ ‘കുറുപ്പ് ‘ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ ഇ ബുൾ ജെറ്റ്
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വാഹനങ്ങളിൽ ചിത്രത്തിന്റെ പോസ്റ്റർ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ ഇ ബുൾജെറ്റ് സഹോദരൻമാർ. സിനിമാക്കാരോടും തങ്ങളോടും മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പാണ് കാണിച്ചതെന്ന് ഇവർ പറയുന്നു
ഞങ്ങൾ ചെയ്തത് തെറ്റ്, കുറുപ്പിന്റെ പ്രമോഷൻ ചെയ്ത വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഒരു ഉദ്യോഗസ്ഥൻ പോലും പരിശോധിച്ചിട്ടില്ല. ഇതിനെതിരെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും പേസ്ബുക്ക് പേജിലൂടെ ഇ ബുൾജെറ്റ് പറഞ്ഞു.
നിയമലംഘനം നടത്തിയതിന്റെ പേരിൽ വാഹനം കസ്റ്റഡിയിലെടുത്ത് എന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി അതിക്രമം കാണിച്ചതിന് ഇ ബുൾജെറ്റ് സഹോദരൻമാരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം നിയമപ്രകാരം പണം നൽകിയാണ് കുറുപ്പിന്റെ പ്രമോഷനായി വാഹനം ഇറക്കിയതെന്ന് സിനിമാ അണിയറ പ്രവർത്തകർ പറയുന്നു. പാലക്കാട് ആർടിഒ ഓഫീസിൽ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.