Saturday, January 4, 2025
Kerala

പത്ത് വർഷത്തെ ബന്ധം പലവട്ടം ശാരീരികമായി പീഡിപ്പിച്ചു, യുവതി ആത്മഹത്യ ചെയ്തു; മാളയിൽ യുവാവ് അറസ്റ്റിൽ

തൃശൂര്‍: തൃശൂര്‍ മാളയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെങ്ങമനാട് അടുവാശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനെ (34) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ ഷൈജു അറസ്റ്റ് ചെയ്തു. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യാ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി പത്ത് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഷിതിന്‍ വിവാഹ വാഗ്ദാനം നല്‍കി പലവട്ടം ശാരീരിക പീഡനത്തിനും ഇരയാക്കിയിരുന്നു. വര്‍ഷങ്ങളോളം വിവാഹ വാഗ്ദാനം നൽകിയ ശേഷം പ്രണയ ബന്ധത്തില്‍നിന്ന് ഒഴിവാകാന്‍ യുവതിയെ പ്രേരിപ്പിച്ച ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി ഇത് എതിര്‍ത്തതോടെയാണ് ഇയാള്‍ക്ക് ശത്രുതയുണ്ടായത്.

യുവതിയെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കീഴ് ജാതിക്കാരിയെന്നതുമായിരുന്നു വിവാഹത്തില്‍നിന്നു പിന്‍മാറാനുള്ള കാരണമായി ഇയാള്‍ പറഞ്ഞിരുന്നതത്രേ. പഠിക്കാന്‍ മിടുക്കിയും ഉയര്‍ന്ന ജോലിയുമുണ്ടായിരുന്ന യുവതി ഇയാളുടെ നിരന്തരമുള്ള ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

കൂലിവേലക്കാരായ മാതാപിതാക്കളുടെ സ്വപ്നമായിരുന്ന മകളുടെ വേര്‍പാട് അവരുടെ കുടുംബത്തിനും വലിയ ആഘാതമായി. ആത്മഹത്യാ കുറിപ്പില്‍ ശാരീരികവും മനസികവുമായി പ്രതിയിൽ നിന്നുണ്ടായ പീഡനങ്ങളുടെ വ്യക്തമായ സൂചനകളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് ഷിതിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
വിശദമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു ഡിവൈഎസ്പിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ശശി, എസ്.ഐ. നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, എ.എസ്.ഐ. എം. സുമല്‍, സീനിയര്‍ സിപിഒമാരായ ഇഎസ്ജീവന്‍, ജിബിന്‍ ജോസഫ്, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *