സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: ഏരീസ് ഗ്രൂപ്പ്
ഷാര്‍ജ : വിസ്മയയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധന നിരോധന നിയമവും പ്രഖ്യാപനവുമെല്ലാമാണ് ചർച്ച. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍, അതിലെ നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുക്കുമെന്ന് നയരേഖയില്‍ സ്ഥാപനമേധാവി ഡോ.സോഹന്‍ റോയ് വ്യക്തമാക്കി. നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും.
ഏരീസ് ഗ്രൂപ്പ് അംഗീകരിച്ച നയരേഖയുടെ വിശദാംശങ്ങള്‍
1. സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നത് നിയമപരമായും സാമൂഹികപരമായും ഒരു കുറ്റമായി കണക്കാക്കപ്പെടുന്നു.അതിനാല്‍, ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഈ ‘സ്ത്രീധന വിരുദ്ധ നയം ‘ അടിയന്തര പ്രാധാന്യത്തോടെ ബാധകമാക്കിയിരിക്കുന്നു.
ഇതനുസരിച്ച്, ഭാവിയില്‍ സ്ത്രീധനം സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഈ സ്ഥാപനത്തിലെ ജീവനക്കാരായി തുടരുവാന്‍ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്നും ഈ നയരേഖ പ്രഖ്യാപിക്കുന്നു.
2. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും, ഇതുസംബന്ധമായി നിയമപരവും ധാര്‍മ്മികവുമായ പൂര്‍ണ്ണ പിന്തുണ ഏരീസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.
3. ഈ നയം പില്‍ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും,
അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്ഥാപനം സ്വീകരിക്കുന്നതുമായിരിക്കും.
4.. കരാര്‍ ഒപ്പിടുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് ഈ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ‘ ഏരീസ് ആന്റി ഡൗറി പോളിസി ‘ അംഗീകരിച്ചതായുള്ള സമ്മതപത്രം നല്‍കേണ്ടതാണ്.
5.. എല്ലാ ജീവനക്കാരും സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കണം.