തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു
തിരുവനന്തപുരം : തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.
പത്ത് വർഷമായി പ്രവർത്തിച്ച് വരുന്ന കെട്ടിടമാണ് കത്തിനശിച്ചത്. നിലവിൽ തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീയാളാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.