പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല
വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ ശക്തമായി നയിക്കാൻ സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തണം. അതിന് വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നാണ് അഭിപ്രായം. ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇനി ചർച്ചാ വിഷയമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ. കെപിസിസിയിൽ തലമുറ മാറ്റം വേണമോയെന്ന് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും താൻ അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് നിരാശയില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രതിപക്ഷത്തിന് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അതിൽ സന്തോഷമേയുള്ളു
ഇടതുമുന്നണി സർക്കാരിനെതിരായ പോരാട്ടമായിരുന്നു തന്റേത്. തനിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഈ സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാനുമുള്ള നീക്കം താൻ നടത്തി. അത് തന്റെ ധർമമാണ്. അതിന് പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു