സർവേ നടത്തി യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്നു; പരാതി നൽകുമെന്ന് ചെന്നിത്തല
ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാൻ ബോധപൂർവം സർവേ നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സർവേയാണ്.
200 കോടിയുടെ പരസ്യമാണ് സർക്കാർ അവസാന കാലത്ത് നൽകിയത്. അതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപത്കരമാണ്. സ്ഥാനാർഥി വരുന്നതിന് മുമ്പ് മണ്ഡലാടിസ്ഥാനത്തിൽ സർവേ നടത്തി യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്
സർക്കാരിന്റെ പണക്കൊഴുപ്പിനെയും മാധ്യമങ്ങളുടെ കല്ലേറിയനെയും യുഡിഎഫിന് നേരിടേണ്ടി വരുന്നു. എല്ലാ സർവേകളിലും പ്രതിപക്ഷ നേതാവിനെ കരി തേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. ചോദ്യങ്ങൾ സർക്കാരിന് അനുകൂലമായി പടച്ചുണ്ടാക്കുന്നു
ജനങ്ങളുടെ മുന്നിൽ ഈ സർക്കാരിന് ഒരു റേറ്റിംഗുമില്ല. ചില മാധ്യമങ്ങൾ ബോധപൂർവം റേറ്റിംഗ് വർധിപ്പിക്കുന്നത് അനീതിയാണ്. മണ്ഡലം തോറും സർവേ നടത്തുന്നത് എക്‌സിറ്റ് പോൾ അല്ലാതെ മറ്റെന്താണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.