തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; നാളെ മുതൽ ഗൃഹസമ്പർക്ക പരിപാടി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സിപിഎം. നാളെ മുതൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കും. 31ാം തീയതി വരെയാണ് ഗൃഹസമ്പർക്ക പരിപാടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മികച്ച പിന്തുണ ലഭിച്ചു. ഇത് സർക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുമുള്ള വർഗീയതുമായി ഇടതുപക്ഷ സർക്കാർ സന്ധി ചെയ്തില്ല.
തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിച്ചു. അതിനെ ദുർബലപ്പെടുത്താൻ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കാണ് യുഡിഎഫ് തയ്യാറായത്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. സാധാരണക്കാരന്റെ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രതിപക്ഷം ശ്രമിച്ചില്ല. ബിജെപിയെയും മറ്റും കൂട്ടുപിടിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമിച്ചതെന്നും വിജയരാഘവൻ പറഞ്ഞു