Thursday, January 9, 2025
Kerala

‘അന്തവും കുന്തവും തിരിയാത്ത സാധനം’; ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ.എം ഷാജി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ.എം ഷാജി.

മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓർഡിനേറ്റർ ആയിരുന്നുവെന്ന് പറഞ്ഞ ഷാജി ദുരന്തം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാർത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവർ കാണുന്നത്. നിപ്പയെ അവസരമാക്കി എടുക്കരുതെന്നും കെ.എം ഷാജി സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം പരിഹസിച്ചു. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും കെ.എം ഷാജി.

Leave a Reply

Your email address will not be published. Required fields are marked *