തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യത; ഇന്ന് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതുപ്രകാരം ഒമ്പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഏഴു ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് വൈകിട്ട് മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പട്ട ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ പ്രത്യേക ജാഗ്രത നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 28 ഓടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് ഈ സാഹചര്യം വിരൽചൂണ്ടുന്നത്.