മുട്ടിൽ മരം മുറിക്കേസ്; മുറിച്ച് കടത്തിയതിൽ 500 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളും, പൊലീസിന്‍റെ കുറ്റപത്രം ഉടൻ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ പൊലീസിന്‍റെ കുറ്റപത്രം ഉടൻ. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്‍റെ മറവിൽ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതോടെ കുറ്റപത്രം നൽകാനുള്ള തടസ്സങ്ങള്‍ പൊലീസിന് മുന്നിൽ മാറി. അതേസമയം, മരങ്ങളുടെ മൂല്യം കൂടി കണക്കാക്കി റവന്യൂ വകുപ്പിന്‍റെ റിപ്പോർട്ട് നൽകുന്നത് വൈകുകയാണ്.
പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും പൊടിച്ചതുമായ മരങ്ങള്‍ ഭൂ ഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയിൽ നിന്ന് പോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്. ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയിൽ നിന്നും മരമുറിക്കാനുള്ള അനുമതിയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം. ഇത് തള്ളുന്നതാണ് മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും മുറിച്ചു കടക്കാൻ ശ്രമിച്ചവേ വനംവകുപ്പ് പിടികൂടിയ മരങ്ങളിൽ 12 മരങ്ങൾ 300 വർഷത്തിന് മുകളിലുള്ളവയാണ്. 9 മരങ്ങള്‍ 400 ന് മുകളിലുള്ളവയുമാണ്. മൂന്ന് എണ്ണത്തിന് 500 വർഷത്തിലധികം പഴക്കമുണ്ടെന്നും ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതോടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ശക്തമായി.
പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പരിശോധനയിലായിരുന്നു കണ്ടെത്തൽ. കേസെടുത്ത് രണ്ട് വർഷമായിട്ടും പിടികൂടിയ മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചതാണോയെന്ന വ്യക്തമാകാൻ ഡിഎൻഎ ഫലം കാക്കുകയായിരുന്നു പൊലീസ് ഇതുവരെ. ഡിഎൻഎ ഫലം കിട്ടിയെങ്കിലും റവന്യൂവകുപ്പിൻെറ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം കേസിനെ കുഴക്കുന്നുണ്ട്. പട്ടയഭൂമിയില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട വർഷങ്ങള്‍ പഴക്കമുള്ള രജകീയ വൃക്ഷങ്ങളുടെ മൂല്യം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടത് റവന്യൂവകുപ്പാണ്. ഇത് റവന്യൂവകുപ്പ് ചെയ്യുന്നില്ല. കോടികള്‍ പിഴകൂടി ചുമത്തിയാൽ പ്രതികള്‍ക്കെതിരായ നടപടി വീണ്ടും ശക്തമാകും.
പക്ഷെ റവന്യൂവകുപ്പിന് മെല്ലെപോക്കാണ്. റോജി അഗസ്റ്റിൻ, ആൻറോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേർക്കെതിരായ, കേസിൽ താനൂർ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരമുറിക്കേസിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസിൽ ഏഴ് കേസിൽ ഇതിനകം കുറ്റപത്രം നൽകി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടിൽ മരംമുറിയിലാണ് ഇനി കുറ്റപത്രം സമർപ്പിക്കേണ്ടത്.