പൊലീസ് നടന്നത് വിദ്യയുടെ കണ്ണില്‍പ്പെടാതെ; നിവൃത്തിയില്ലാതെ വന്നപ്പോള്‍ സെറ്റിട്ട് പിടികൂടിയെന്ന് വി.ഡി സതീശന്‍
വ്യാജ രേഖാ കേസില്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പൊലീസ് സെറ്റിട്ട് വിദ്യയെ പിടികൂടിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും പോരാട്ടം മൂലം വിദ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നെന്നും പൊലീസ് വിദ്യയുടെ കണ്ണില്‍പ്പെടാതെ നടക്കുകയായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ പൊലീസ് എല്ലാ കാര്യത്തിലും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. എന്തെല്ലാമാണ് പൊലീസിനെ കുറിച്ച് കേള്‍ക്കുന്നത്. കാക്കി കുപ്പായത്തിന് പോലും നാണക്കേടാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. വൃത്തികേട് കാണിച്ചവരെയെല്ലാം സിപിഐഎം സംരക്ഷിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എല്‍ഡിഎഫില്‍ അനൈക്യം വളരുകയാണ്. പാര്‍ട്ടി ശിഥിലമാകാന്‍ പോകുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോഴുണ്ടാകുന്ന സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജ രേഖാ കേസില്‍ ഇന്നലെ രാത്രിയാണ് കെ വിദ്യയെ മേപ്പയൂരില്‍ നിന്ന് പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വിദ്യയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.
തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
Read Also: പ്രിയ വര്‍ഗീസിന് ആശ്വാസം; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നാണ് ആരോപണം. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിക്കും.