പിടികൊടുക്കാതെ ഹനുമാൻ കുരങ്ങ്; മൂന്നാം തവണയും ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുന്നു. നിലവിൽ മാസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലിരിക്കുന്ന കുരങ്ങിനെ അനിമൽ കീപ്പർമാർ നിരീക്ഷിച്ച് വരികയാണ്. കുരങ്ങ് താഴെ ഇറങ്ങുമ്പോൾ പിടികൂടാനാണ് നീക്കം. കുരങ്ങിനെ നാട്ടുകരോ മറ്റുമൃഗങ്ങളോ അക്രമിക്കുമോ എന്നാണ് മൃഗശാല അധികൃതരുടെ ആശങ്ക. കുരങ്ങ് അക്രമകാരിയല്ലെന്നും പ്രദേശവാസികൾ പ്രകോപനമുണ്ടാക്കരുതെന്നും സൂ ഡയറക്ടർ അറിയിച്ചു.
ഇത് മൂന്നാം തവണയാണ് തിരുപ്പതിയിൽ നിന്നെത്തിച്ച ഹനുമാൻകുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോകുന്നത്. നേരത്തെ രണ്ട് തവണയും സ്വന്തമായി തന്നെ കുരങ്ങ് തിരിച്ചുകയറിയിരുന്നു. കുരങ്ങിനെ പിടികൂടി തിരികെ എത്തിക്കാനാകാതെ വലയുകയാണ് മൃഗശാല ജീവനക്കാരും.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഹനുമാൻ കുരങ്ങിനെ പുളിമരത്തിന്റെ മുകളിൽ ഇരിക്കുന്നതായി നാട്ടുകാർ കണ്ടത്. മരത്തിന്റെ മുകളിൽ തന്നെ തുടരുന്ന കുരങ്ങിനെ എങ്ങനെ പിടികൂടുമെന്ന ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞയാഴ്ചയാണ് തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിലൊന്ന് കൂടുതുറന്നതിനിടെ ചാടിപ്പോയത്.