കേരളത്തില്‍ നേരിയ കൊവിഡ് വര്‍ധന; ജില്ലകള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രികളിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കണം. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് 4.30നാണ് യോഗം. പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി.