നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടരന്വേഷണത്തിന് സമയപരിധി വെക്കുന്നതിൽ കുഴപ്പമില്ലെന്ന് ക്രൈംബ്രാഞ്ചും മറുപടി നൽകി
തുടരന്വേഷണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്ക്. വിചാരണ കോടതി അനുവദിച്ച മാർച്ച് ഒന്നിന് തന്നെ റിപ്പോർട്ട് സമർപ്പിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയിൽ അന്വേഷണം നടത്താൻ എന്തിനിത്ര സമയം എന്നും കോടതി ചോദിച്ചു. എന്നാൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും തുടരന്വേഷണത്തിന് നിയമ തടസ്സങ്ങളൊന്നുമില്ലല്ലോയെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.