കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധമായി കെ.എസ്.യുവിൽ കൂട്ടരാജി
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധമായി കെ.എസ്.യുവിൽ കൂട്ടരാജി. മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചത്. ഇപ്പോൾ നിരന്തരം ബിജെപി അനുകൂല പ്രസ്താവനകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അദ്ദേഹത്തെ അന്യായമായി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരിക്കുകയാണെന്നാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ആക്ഷേപം.
കെഎസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് റഹ്മാൻ, വൈസ് പ്രസിഡന്റ് മിഥുൻ, ജന. സെക്രട്ടറിമാരായ മുഹമ്മദ്, ഭരത് കൃഷ്ണ, സെക്രട്ടറിമാരായ ആദർശ്, അൻഷാദ് എന്നിവരാണ് രാജി വെച്ച് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിനും പോഷക സംഘടനകൾക്കും വേണ്ടി രാപ്പകലില്ലാതെ ശക്തമായ പ്രവർത്തിച്ച വ്യക്തിയാണ് മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം.എ ലത്തീഫെന്ന് ഇവർ പറയുന്നു.
കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റിക്ക് പ്രവർത്തിക്കാൻ എല്ലാ സഹായവും സംരക്ഷണവും നൽകിയത് എം.എ ലത്തീഫാണ്. കഴിഞ്ഞ ഒരു കൊല്ലമായി ഒരു കാരണം കാണിക്കൾ നോട്ടീസ് പോലും നൽകാതെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനെ അംഗീകരിക്കാൻ കഴിയില്ല. ഈ കടുത്ത അനീതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെഎസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി രാജി വെക്കുന്നു. – ഇത്തരത്തിലുള്ള രൂക്ഷമായ പ്രതികരണമാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ നടത്തുന്നത്.