‘വർക്കിംഗ് കമ്മിറ്റി അംഗമാകാൻ തരൂർ യോഗ്യൻ, ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല’; രാജ്മോഹൻ ഉണ്ണിത്താൻ
എഐസിസി പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അസ്വസ്ഥതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യത്തിൽ ആർക്കും സംശയമില്ല. എങ്കിലും പല ഘടകങ്ങളും പരിഗണിച്ചാണ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന് വർക്കിംഗ് കമ്മിറ്റി അംഗമാകാൻ അർഹതയുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനില്ല. യഥാർത്ഥത്തിൽ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം കേരളത്തിൽ നിന്ന് അഞ്ച് പ്രതിനിധികളെ ലഭിച്ചു. അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള ചെന്നിത്തലയുടെ പ്രതികരണം താൻ കണ്ടിട്ടില്ല. സ്ഥിരം ക്ഷണിതാവ് വർക്കിംഗ് കമ്മിറ്റി അംഗത്വത്തിന് തുല്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ.
അതേസമയം, ചെന്നിത്തലയുടെ അതൃപ്തി വെറും മാധ്യമ സൃഷ്ടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നേതൃത്വത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന് യാതൊരു അതൃപ്തിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാൽ സ്ഥിരം ക്ഷണിതാവായി ഒതുക്കാനുള്ള തീരുമാനത്തിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ പരസ്യ പ്രതികരണം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിരോധിക്കുകയാണ്.