Tuesday, April 15, 2025
Kerala

ബിഷപ്പ് പാംപ്ലാനിയെ അവഹേളിക്കാന്‍ മത്സരമാണ്, വിമോചനസമരം നടന്നില്ലായിരുന്നെങ്കില്‍ കേരളം കടം കയറി മുടിഞ്ഞേനെ’; സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത

ബിഷപ്പ് പാംപ്ലാനിയെ അവഹേളിക്കാന്‍ രാഷ്ട്രീയ നേതൃത്വം മത്സരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം ‘കാത്തോലിക്കസഭ’. സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലൂടെയാണ് വിമര്‍ശനങ്ങള്‍.

വോട്ടുകള്‍ മറുപക്ഷത്തേക്ക് ഒഴികാതിരിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍. ബിഷപ്പ് ഉയര്‍ത്തിയ കര്‍ഷക പ്രശ്‌നം അജണ്ടയായില്ല. വിവാദമുണ്ടാക്കാനായിരുന്നു എല്ലാതരത്തിലുമുള്ള ശ്രമം. പ്രസ്താവന വന്ന് ഒരാഴ്ചക്കകം നാല് മാസമായി മുടങ്ങിക്കിടന്ന റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി അനുവദിച്ചത് വോട്ട് ചോര്‍ച്ചയുടെ ഭീതിയില്‍ മാത്രമാണെന്നും മുഖപത്രം വിമര്‍ശിച്ചു.

ഗൗരവമുള്ള സാമൂഹ്യപ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമ്പോള്‍ വിവാദങ്ങളാക്കുന്നത് വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തുന്നു. നേരത്തെ പാല ബിഷപ്പിനെതിരെയുണ്ടായതും ഈ നീക്കമെന്നും ‘കാത്തോലിക്കസഭ’ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നവര്‍ തങ്ങള്‍ക്ക് സര്‍വാധിപത്യമാകാമെന്ന് കരുതുന്നു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധം പാടില്ലെന്നും കരുതുന്നു. ഇക്കൂട്ടര്‍ സൃഷ്ടിച്ചെടുക്കുന്ന നവകേരളം കടം കയറി മുടിയുന്നത് കാണുകയാണ്. വിമോചന സമരം നടന്നില്ലായിരുന്നെങ്കില്‍ ഈ ദുരവസ്ഥ നേരത്തെ സംഭവിച്ചേനെയെന്നും മുഖപ്രസംഗത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *