എയിംസ് ലഭ്യമാക്കണം, എല്ലാ യോഗ്യതയും കേരളത്തിനുണ്ട്; മുഖ്യമന്ത്രി
എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് എയിംസ്. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന് അനുവദിക്കേണ്ടതാണ്. എയിംസ് കേരളത്തിന് ലഭ്യമാക്കണം. ആരോഗ്യ രംഗത്ത് മികച്ച പ്രേവർത്തനം ആണ് കേരളം കാഴ്ച വയ്ക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു നടന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോൾ കേരളത്തിന്‍റെ പേരുണ്ടായിരുന്നില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളജിന് പുതിയ മുഖം കൈവന്നിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിച്ചത്. കേന്ദ്രസർക്കാരിന്റെ സംഭവനകൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ കൂടുതൽ ഇടപെടലുകൾ ഇനിയുമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.