Saturday, October 19, 2024
Kerala

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിൻ 100 ശതമാനമായതായി ആരോഗ്യമന്ത്രി

 

സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. സമ്പൂർണ വാക്സിനേഷൻ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകി. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണ്.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിൻ സ്വീകരിക്കേണ്ടതാണ്.

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ, സ്‌കൂളുകളിലെ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കി.

 

Leave a Reply

Your email address will not be published.