Thursday, January 23, 2025
Kerala

ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് ഒരു ദിവസം പിന്നിടുമ്പോൾ ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. മഴ മാറിനിന്ന് നീരൊഴുക്ക് കുറഞ്ഞതും അനുകൂലമായി. ഇന്നലെ 11 മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങാൻ സമയമെടുത്തു. വൈകുന്നേരത്തോടെയാണ് ജലനിരപ്പിൽ ആദ്യം കുറവ് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. നീരൊഴുക്കും കുറഞ്ഞു.

ജലനിരപ്പ് 2398 അടിയിലാണ് ഇപ്പോഴുള്ളത്. ഇത് 2395 അടിയിലേക്കോ 2396 അടിയിലേക്കോ എത്തിക്കുകയാണ് ലക്ഷ്യം. ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ ജലമാണ് ഒഴുക്കിവിടുന്നത്. വൈദ്യുതി ഉത്പാദനം കൂട്ടിയത് ജലനിരപ്പ് കുറയാൻ കാരണമായി. ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 94 ശതമാനവും ഇപ്പോഴും വെള്ളമുണ്ട്. ജലനിരപ്പ് ക്രമീകരിച്ചു നിർത്താൻ എത്ര സമയം വരെ ഡാം തുറന്ന് വെക്കേണ്ടി വരുമെന്നതിൽ തീരുമാനമായിട്ടില്ല.

മഴ കുറഞ്ഞതിനാൽ ജലനിരപ്പ് വേഗത്തിൽ കുറക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ വീണ്ടും മഴ കനത്താൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാം തുറന്ന പശ്ചാത്തലത്തിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും റോഷി അഗസ്റ്റിനും സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *