Friday, January 10, 2025
Kerala

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

കണ്ണൂരില്‍ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍. മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും 24നോട് പറഞ്ഞു.

മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ പതിനൊന്നുകാരന്‍ അതിദാരുണമായി തെരുവുനായ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാന്‍വിയുടെ സംഭവവും. കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാന്‍വി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായകള്‍ ആക്രമിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജാന്‍വി ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ കൈകള്‍ക്കും കാലിനും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന തെരുവുനായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *