നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി
നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം കേസിൽ പുതിയ സാക്ഷികളെ ഈ മാസം 22ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. സത്യമൂർത്തിയെ ഈ മാസം 25ന് വിസ്തരിക്കും.
കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ പുരോഗതി റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.
റിപ്പോർട്ടിന്റെ പകർപ്പ് ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് റിപ്പോർട്ട് അവകാശപ്പെടാൻ അർഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിലീപിന്റെ ഹർജി ജനുവരി 25ന് പരിഗണിക്കും.