ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും, യെല്ലോ അലർട്ട് 2 ജില്ലകളിൽ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ – തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്